ഇതാ കേരള സ്റ്റോറി ; രാജ്യം പകർത്തേണ്ട യഥാർഥ സ്റ്റോറി
ആശ്വാസത്തിന്റെ മേലാപ്പിന് താഴെ അന്തിയുറങ്ങാൻ 20,314 കുടുംബങ്ങൾ കൂടി. കാണാപ്പൊന്ന് തേടിയിറങ്ങുന്ന കേരളസൈന്യത്തിന് ആർത്തിരമ്പുന്ന തിരമാലയെ വകഞ്ഞുമാറ്റാൻ പുതുയാനം. മതാതീത ചിന്തയുടെ മഹാപ്രവാചകന് സാംസ്കാരിക സമുച്ചയം. ഇതാ ഇവിടുണ്ട് രാജ്യം പകർത്തേണ്ട യഥാർഥ കേരള സ്റ്റോറി. ജനം ആഗ്രഹിക്കുന്ന മേഖലകളിലാകെ സ്പർശിച്ചാണ് എൽഡിഎഫ് സർക്കാർ മൂന്നാംവർഷത്തിലേക്ക് കുതിക്കുന്നത്. അതിന് കരുത്തുപകരുന്ന മൂന്ന് ബൃഹത് പദ്ധതികൾ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.
.jpg)
കൊല്ലം
എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് ചിറകുതന്ന ലൈഫ് മിഷനിൽ പൂർത്തിയായത് 20,314 വീട് കൂടി. എൽഡിഎഫ് സർക്കാർ രണ്ടാം വാർഷിക നൂറുദിന പരിപാടിയിലാണ് ഈ നേട്ടം. ഈ വീടുകളുടെ താക്കോൽദാനവും പുതിയ 41,439 ഗുണഭോക്താക്കൾക്കുള്ള കരാർ പ്രഖ്യാപനവും കൊല്ലം മേക്കോണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കല്ലുവിള കിഴക്കതിൽ സലീലന്റെ വീടിന്റെ ഗൃഹപ്രവേശത്തിലും മുഖ്യമന്ത്രി എത്തി. മന്ത്രി എംബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ ക്യഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളായി. ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയത് 77,909 വീടാണ്. ലൈഫ് പദ്ധതിയിലൂടെ ഏഴ് വർഷം കൊണ്ട് ആകെ 3,42,284 കുടുംബങ്ങൾക്ക് തണലേകി. 67000 വീട് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ലൈഫ് പദ്ധതി പ്രകാരം നിർമിച്ച കൊല്ലം കൊറ്റങ്കര മേക്കോൺ കല്ലുവിള കിഴക്കതിൽ സലീലന്റെ വീടിന്റെ പാലുകാച്ച് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി കാച്ചിയ പാൽ വീട്ടുകാർക്ക് നൽകുന്നു. മന്ത്രിമാരായ എം ബി രാജേഷ്, കെ എൻ ബാലഗോപാൽ തുടങ്ങിയവർ സമീപം ഫോട്ടോ: ആർ സഞ്ജീവ്
.jpg)
കാണാപ്പൊന്ന് തേടിപോകുന്നവരെ ആഴക്കടൽ മീൻപിടിത്തത്തിനു പ്രാപ്തരാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ വിതരണം ചെയ്തത് അഞ്ച് ആധുനിക ബോട്ട്. അഞ്ച് മത്സ്യതൊഴിലാളി സഹകരണസംഘങ്ങൾക്കുള്ള ആധുനിക ബോട്ടുകളുടെ രേഖ മുഖ്യമന്ത്രി പിണറായി വിജയൻ കെെമാറി. ഒരു ബോട്ടിന് 1.57കോടി രൂപയാണ് ചെലവ്. ആഴക്കടലിനെ ഇളക്കിമറിക്കാതെ ചൂണ്ട, ഗിൽനെറ്റ് എന്നിവ ഉപയോഗിച്ചുള്ള മീൻപിടിത്തമാണ് ലക്ഷ്യം. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മീൻപിടിത്തം നടത്തുന്നവരെ ഘട്ടംഘട്ടമായി യന്ത്രവൽക്കൃത മീൻപിടിത്തരീതിയിലേക്കു മാറ്റും. ഫിഷറീസ് വകുപ്പും മത്സ്യഫെഡും ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടം 10 ബോട്ടാണ് നൽകുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തംരൂപാല മുഖ്യ അതിഥിയായി.
പീറ്റര്‍ ആന്റണി ഗ്രൂപ്പ് ലീഡറായ ഫിഷര്‍മെന്‍ ഡെവലപ്പ്മെന്റ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു ലഭിച്ച ബോട്ടിൽ പീറ്ററിന്റെ കുടുംബാംഗങ്ങൾ
.jpg)
കേരളത്തെ ഒരുമയുടെ നേർവഴി നടത്തിയ ശ്രീനാരായണഗുരുവിന് കൊല്ലം ആശ്രാമത്ത് സാംസ്കാരിക സമുച്ചയം യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 56.91 കോടി രൂപ ചെലവിലാണ് നിർമാണം. അത്യാധുനിക തിയറ്റർ, ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആർട് ഗാലറി, ക്രാഫ്റ്റ് മ്യൂസിയം, എൻട്രൻസ് പ്ലാസ, എക്സിബിഷൻ ബ്ലോക്ക്, പെർഫോമൻസ് ബ്ലോക്ക്, ഓപ്പൺ എയർ തിയറ്റർ എന്നിവയുണ്ട്. കേരളീയ വാസ്തുശിൽപ്പ രീതിയിലാണ് രൂപകൽപ്പന. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. കേരള ചലച്ചിത്ര വികസന കോർപറേഷനാണ് ചുമതല. ഇത്തരം സമുച്ചയം തുടർന്ന് എല്ലാ ജില്ലകളിലുമൊരുങ്ങും.

Credits Kerala || Deshabhimani Online News https://ift.tt/i5mvF3z
Comments