ഗുസ്‌തി താരങ്ങളുടെ സമരം; പുതിയ പാർലമെന്റ് മന്ദിരം ഉദ്‌ഘാടനദിവസം സ്‌ത്രീകൾ വളയും
ന്യൂഡൽഹി > ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തിൽ പുതിയ പാർലമെന്റ് മന്ദിരം വളയും. 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യുന്ന ദിവസം പാർലമെന്റ് മന്ദിരം വളഞ്ഞ് രാജ്യത്തെ പതിനായിരക്കണക്കിന് സ്ത്രീകൾ മഹാപഞ്ചായത്ത് നടത്തും. ഭാവി സമരപ്രഖ്യാപനവുമുണ്ടാകും. ഹരിയാന റോഹ്തക്കിലെ മെഹം നഗരത്തിൽ ഞായറാഴ്ച ചേർന്ന കർഷക–- ഖാപ് മഹാപഞ്ചായത്താണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷണെ 27നകം അറസ്റ്റ് ചെയ്യണമെന്നും നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ഞായറാഴ്ചയ്ക്കുള്ളിൽ അറസ്റ്റുചെയ്യണമെന്നായിരുന്നു കർഷകരുടെ അന്ത്യശാസനം.
ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർക്ക് പുറമേ സമരം ചെയ്യുന്ന സാക്ഷി മലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവരും ഹരിയാനയിൽ നടന്ന മഹാപഞ്ചായത്തിൽ എത്തി. ജാട്ട് ഭൂരിപക്ഷ മേഖലകളിൽനിന്ന് ആയിരക്കണക്കിന് സ്ത്രീകളും എത്തി. 23ന് ഇന്ത്യ ഗേറ്റിൽ മെഴുകുതിരി മാർച്ച് നടക്കും. കേന്ദ്രത്തിനോട് കുമ്പിടാനല്ല പ്രതിയെ അറസ്റ്റ് ചെയ്യാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് മഹാപഞ്ചായത്തിൽ സംസാരിച്ച ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/lP3V1aw
Comments