എല്ലാ സർവകലാശാലകളിലും അന്താരാഷ്ട്ര ഹോസ്റ്റൽ : മുഖ്യമന്ത്രി

കൊച്ചി
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും അന്താരാഷ്ട്ര ഹോസ്റ്റൽ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണം പൂർത്തിയാക്കിയ ഇൻഫോപാർക്ക് ജ്യോതിർമയ സമുച്ചയത്തിന്റെ ആറാംനില ഉൾപ്പെടെ ഐടി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂജെൻ കോഴ്സുകളും ആധുനിക ലാബുകളും സൗകര്യങ്ങളും ആരംഭിക്കുന്നതിലൂടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളെ കൊണ്ടുവരാനാകും. ഇതിലൂടെ കേരളം ഉന്നതവിദ്യാഭ്യാസരം​ഗത്തെ ഹബ്ബായി മാറും. സംസ്ഥാനത്തിന്റെ ഐടി കുതിപ്പിന് കരുത്തുപകരാൻ ഇൻഫോപാർക്കിന്റെ വികസന പ്രവർത്തനങ്ങൾ മുതൽക്കൂട്ടാകും. നാടിന്റെ ബഹുമുഖ വികസനത്തിന് കുതിപ്പുപകരുന്ന പുരോഗമന പ്രവർത്തനങ്ങളാണ് നടക്കുന്നത്. പുതിയ ഐടി പാർക്കുകളുടെ നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. പുതുതായി സജ്ജമാക്കിയ വികസന പ്രവർത്തനങ്ങൾ നാടിന്റെ പുരോഗതിക്കും ഐടി വ്യവസായമേഖലയുടെ വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സഹായിക്കും.

ചടങ്ങിൽ പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി രത്തൻ യു ഖേൽക്കർ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, വടവുകോട്–-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പഞ്ചായത്ത് അംഗം നവാസ് മാത്രക്കാട്ട്, കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ജൂബിൾ ജോർജ്, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി എന്നിവർ സംസാരിച്ചു. ഇൻഫോപാർക്ക് അഡ്മിനിസ്ട്രേഷൻ മാനേജർ റെജി കെ തോമസ് സ്വാഗതവും എജിഎം ശ്രീജിത് ചന്ദ്രൻ നന്ദിയും പറഞ്ഞു. ജ്യോതിർമയ സമുച്ചയത്തിന്റെ ആറാംനിലയിൽ പ്രവർത്തനം ആരംഭിക്കുന്ന കമ്പനികളെ ചടങ്ങിൽ ആദരിച്ചു. പ്രത്യേക സാമ്പത്തികമേഖലയിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായ ലെറ്റർ ഓഫ് കൺസെന്റ് കൈമാറുകയും ചെയ്തു. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 35,000 ചതുരശ്രയടിയിൽ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമാണം പൂർത്തിയാക്കിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/sHO3kBr

Comments

Archive

Contact Form

Send