കർണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ന് ; തിരിച്ചടി ഉണ്ടായാൽ ബിജെപി അട്ടിമറിക്ക് ശ്രമിച്ചേക്കും
ബംഗളൂരു
ഭൂരിപക്ഷം എക്സിറ്റ് പോളുകളും തൂക്കുസഭ പ്രവചിച്ച കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച നടക്കും. കൃത്യമായ ഭൂരിപക്ഷമുള്ള സർക്കാരിനെത്തന്നെ അട്ടിമറിച്ച പാരമ്പര്യമുള്ള കർണാടകത്തിലെ തെരഞ്ഞെടുപ്പ്ഫലം ഏവരും ഉറ്റുനോക്കുകയാണ്. വോട്ടെടുപ്പ് നടന്ന ബുധനാഴ്ച 73.19 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണിത്. ഭരണവിരുദ്ധ വികാരത്തിൽ തിരിച്ചടിയുണ്ടായാൽ ബിജെപി അട്ടിമറി നീക്കങ്ങൾക്ക് ശ്രമിച്ചേക്കും. സ്വന്തം എംഎൽഎമാരെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസും ബിജെപിയും ജെഡിഎസും തുടങ്ങിയിട്ടുണ്ട്. ജയസാധ്യതയുള്ള സ്വതന്ത്രരുമായും പാർടികൾ ചർച്ചകൾ നടത്തിയിട്ടുണ്ട്. ജഗദീഷ് ഷെട്ടാറിനെയടക്കം ബിജെപിയിൽനിന്ന് അടർത്തിയെടുക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എക്സിറ്റ്പോളുകൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും 141 സീറ്റ് വിജയിച്ച് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. ജെഡിഎസുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും ശിവകുമാർ തള്ളി. എക്സിറ്റ് പോളുകൾ ശരിയായാൽ തങ്ങളുടെ നിലപാട് നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്. ബാഗേപ്പള്ളിയടക്കം നാല് മണ്ഡലങ്ങളിലാണ് സിപിഐ എം മത്സരിച്ചത്. സംഘർഷസാധ്യത പരിഗണിച്ച് ബംഗളൂരുവിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Credits National || Deshabhimani Online News https://ift.tt/nbKC7rp
Comments