അറിയില്ലെന്നുണ്ടോ 
പൊലീസിന്റെ തോക്ക്‌ ചട്ടം ; ഹൈക്കോടതി പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശം


കൊച്ചി
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദനയെ കൊലപ്പെടുത്തുമ്പോൾ പൊലീസിന്റെ കൈയില് തോക്കില്ലായിരുന്നോ എന്ന ഹൈക്കോടതിയുടെ പരാമർശം വിവാദത്തിൽ. ഈ പരാമർശത്തെ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച് രംഗത്തെത്തി.

ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ കേരള പൊലീസിന്റെ തോക്ക് ഉപയോഗിക്കാനാകില്ലെന്ന് അറിയാമായിരുന്നിട്ടും ഹൈക്കോടതി ജഡ്ജി പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് അങ്ങിനെ പ്രതികരിച്ചതെന്നാണ് വിമർശനം.
തോക്ക് ഉപയോഗിക്കാൻ കൃത്യമായ നടപടിക്രമങ്ങളും ചട്ടങ്ങളുമുണ്ട്. സിവിൽ പൊലീസ് ഓഫീസർമുതൽ സംസ്ഥാന പൊലീസ് മേധാവിവരെയുള്ളവർക്ക് റൈഫിളും പിസ്റ്റളുമുണ്ടെങ്കിലും അതെടുത്ത് ഇഷ്ടമുള്ളപ്പോൾ വെടിവയ്ക്കാനാകില്ല. കേരള പൊലീസ് മാന്വലും സർക്കുലറുകളും അനുശാസിക്കുന്നവിധത്തിലും സന്ദർഭങ്ങളിലുമേ തോക്ക് ഉപയോഗിക്കാനാകൂ.

സാധാരണ സിവിൽ പൊലീസ് ഓഫീസർമാർക്ക് റൈഫിളുകളും എഎസ്ഐമുതൽ മുകളിലേക്കുള്ളവർക്ക് പിസ്റ്റളുമാണ് അനുവദിച്ചിട്ടുള്ളത്. ഇവ അതത് സ്റ്റേഷനുകളിലുള്ള ആയുധപ്പുരകളിലാണ് സൂക്ഷിക്കുക. തോക്കിലെ വെടിയുണ്ടകളുടെ എണ്ണമടക്കം രേഖപ്പെടുത്തിയിരിക്കും. തോക്ക് എന്താവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് കൈപ്പറ്റുമ്പോൾ വ്യക്തമാക്കണം. മടക്കി നൽകുമ്പോഴും പാറാവ് ബുക്കിൽ രേഖപ്പെടുത്തണം.

പൊലീസിന്റെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്നതിനും ചട്ടങ്ങളുണ്ട്. സ്വയരക്ഷയ്ക്കുവേണ്ടിയോ കലാപങ്ങൾ പിരിച്ചുവിടാനോ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം.ചില പ്രത്യേക സാഹചര്യത്തിൽ തോക്ക് സ്വയരക്ഷയ്ക്ക് ഉപയോഗിക്കുമ്പോൾ വിശദാംശങ്ങൾ മേലുദ്യോഗസ്ഥർക്ക് നൽകണം. സഹായം അഭ്യർഥിച്ച് വരുന്നയിടങ്ങളിലേക്ക് പോകുമ്പോൾ തോക്ക് കൈയിൽ കരുതാറില്ല. കലാപമോ അക്രമങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളിലേക്ക് പോകുമ്പോൾ കരുതാറുണ്ട്. പക്ഷേ, ഉപയോഗിക്കണമെങ്കിൽ ജില്ലാ മജിസ്ട്രേട്ടായ കലക്ടർ ഉത്തരവിടണം. കലാപം നിയന്ത്രിക്കാൻ ആകാശത്തേക്ക് വെടിയുതിർക്കണമെങ്കിലും ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവ് വേണം. വെടിവയ്ക്കുന്നതിനുമുമ്പ് കലാപകാരികൾ പിരിഞ്ഞുപോകാൻ അനൗൺസ്മെന്റ് നടത്തണം. പിന്നീട് ലാത്തിച്ചാർജ്, ജലപീരങ്കി, ഗ്രനേഡ് പ്രയോഗം തുടങ്ങിയവയ്ക്കുശേഷം അക്രമികൾ പിരിഞ്ഞില്ലെങ്കിൽ വെടിവയ്ക്കുമെന്ന് മുന്നറിയിപ്പും നൽകണം. അതിനുശേഷം ജില്ലാ മജിസ്ട്രേട്ടിന്റെ ഉത്തരവ് അനുസരിച്ചേ വെടിയുതിർക്കാനാകൂ.



Credits Kerala || Deshabhimani ​Online ​News https://ift.tt/zsylmKA

Comments

Archive

Contact Form

Send