ബ്ലോക്ക് പ്രസിഡന്റ് പരിശീലന ക്യാമ്പ് ബഹിഷ്കരിച്ച് ഗ്രൂപ്പ് നേതാക്കൾ
കൊച്ചി
കോൺഗ്രസിലെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്കായി നടത്തിയ പരിശീലനത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ. ബ്ലോക്ക് പ്രസിഡന്റ് പട്ടികയെച്ചൊല്ലിയുള്ള പോർവിളി, ഹൈക്കമാൻഡിന് പരാതി നൽകുമെന്ന ഘട്ടത്തിൽ എത്തിനിൽക്കേയാണ് സമ്മർദതന്ത്രവുമായി കൂട്ട ബഹിഷ്കരണം. തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള ജില്ലകളിലെ പ്രസിഡന്റുമാർക്കായി ആലുവ ശാന്തിഗിരിയിൽ സംഘടിപ്പിച്ച പരിശീലനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ പങ്കെടുത്തു. രമേശ് ചെന്നിത്തല, കെ സി ജോസഫ്, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ എന്നിവരും മറ്റ് പ്രധാന എ, ഐ ഗ്രൂപ്പ് നേതാക്കളും വിട്ടുനിന്നു.
എറണാകുളം ജില്ലയിലെ ഐ വിഭാഗം നേതാക്കളായ ഹൈബി ഈഡൻ എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, എംഎൽഎമാരായ ടി ജെ വിനോദ്, മാത്യു കുഴൽനാടൻ എന്നിവരും എ വിഭാഗത്തിലെ ബെന്നി ബഹന്നാൻ എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ എന്നിവരും പങ്കെടുത്തില്ല. നേതാക്കൾ വിട്ടുനിൽക്കാനും ഗ്രൂപ്പിൽനിന്നുള്ള പ്രസിഡന്റുമാർ പരിശീലനത്തിൽ പങ്കെടുക്കാനും എ, ഐ ഗ്രൂപ്പ് യോഗങ്ങൾ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
രണ്ടുദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ആലുവയിൽ എത്തിയിട്ടുണ്ട്. ഗ്രൂപ്പുകളെ വിശ്വാസത്തിലെടുക്കാത്ത താരിഖ് അൻവറിന്റെ നിലപാടിനെതിരെ കഴിഞ്ഞദിവസം ഗ്രൂപ്പുകൾ പരസ്യവിമർശനം നടത്തിയിരുന്നു.
എത്ര നേതാക്കൾക്ക്
ജനബന്ധമുണ്ടെന്ന്
സുധാകരൻ
കോൺഗ്രസിൽ ജനങ്ങളുമായി ബന്ധം പുലർത്തുന്ന എത്ര നേതാക്കളുണ്ടെന്ന് ആത്മപരിശോധന നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർടിയിൽനിന്ന് അപശബ്ദങ്ങൾ ഉയരാതെ നോക്കാൻ പുതിയ ബ്ലോക്ക് പ്രസിഡന്റുമാർ ശ്രമിക്കണമെന്നും സുധാകരൻ ബ്ലോക്ക് പ്രസിഡന്റ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സുധാകരന്റെയും സതീശന്റെയും ഏകപക്ഷീയ നിലപാടുകൾക്കെതിരെ കഴിഞ്ഞദിവസം എ, ഐ ഗ്രൂപ്പുകൾ പരസ്യപ്രസ്താവന നടത്തിയ പശ്ചാത്തലത്തിലായിരുന്നു സുധാകരൻ നേതാക്കളെ വിമർശിച്ചത്.
യൂത്ത് കോൺഗ്രസ്
പിടിക്കാൻ 5 ഗ്രൂപ്പ്
യൂത്ത് കോൺഗ്രസ് പിടിച്ചടക്കാൻ സംസ്ഥാനത്ത് അഞ്ചു ഗ്രൂപ്പുകളുടെ യുദ്ധം. എ ഗ്രൂപ്പിനു പുറമെ വി ഡി സതീശൻ, കെ സുധാകരൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് വിഭാഗീയ നീക്കം. മണ്ഡലം പ്രസിഡന്റുമുതൽ സംസ്ഥാന പ്രസിഡന്റുവരെയാണ് തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച നാമനിർദേശത്തിനുള്ള അവസാന തീയതിയാണ്. 28 മുതൽ ഓൺലൈനിൽ വോട്ടെടുപ്പ് ആരംഭിക്കും. 50 രൂപയാണ് അംഗത്വ ഫീസ്. ഗ്രൂപ്പ് നേതാക്കളുടെ നോമിനികൾ വൻതോതിൽ പണം സമാഹരിച്ച് ഫീസ് അടച്ച് അംഗത്വം ഉറപ്പിക്കുന്നുണ്ട്. ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിൽ കിട്ടിയ തിരിച്ചടി ആവർത്തിക്കാതിരിക്കാനാണ് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെടുന്നത്.
ചർച്ച ഇനി ഹൈക്കമാൻഡിനോടുമാത്രം
സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകൾ സമ്മർദം ശക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി അനുരഞ്ജന ചർച്ചയ്ക്കില്ലെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായി ആലുവയിൽ പുതിയ ബ്ലോക്ക് പ്രസിഡന്റുമാർക്കായുള്ള മേഖലാ പരിശീലന പരിപാടി എ, ഐ ഗ്രൂപ്പ് നേതാക്കൾ ബഹിഷ്കരിച്ചു.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം രാത്രി ഗ്രൂപ്പു നേതാക്കളുമായി ആശയവിനിമയം നടത്തി. എന്നാൽ, പരാതികൾ താരിഖ് അൻവറുമായി പങ്കുവയ്ക്കാനുള്ള നിർദേശം നേതാക്കൾ തള്ളി. ഇനി പരാതി പറയുന്നെങ്കിൽ ഹൈക്കമാൻഡിനോട് നേരിട്ടുമാത്രം എന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവരിൽ ഓരാളുമായേ ചർച്ചയ്ക്കുള്ളൂവത്രേ. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായുള്ള നീക്കം ഗ്രൂപ്പുകൾ ശക്തിപ്പെടുത്തി. സതീശന്റെ തൻപ്രമാണിത്തം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അവർ. ഗ്രൂപ്പുകളോട് സമരസപ്പെടാൻ സതീശന് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. മുതിർന്ന നേതാക്കളെ പിണക്കുന്ന പിടിവാശികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും സതീശൻ ചെവിക്കൊണ്ടിട്ടില്ല.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സമ്പൂർണ പരാജയമെന്ന് കൂടുതൽ തുറന്നുകാട്ടാനും ഗ്രൂപ്പുനേതാക്കൾ ധാരണയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പുവരെ പ്രസിഡന്റിനെ മാറ്റേണ്ടതില്ല എന്ന പൊതുധാരണയിൽ ഇനി മുന്നോട്ടുപോകില്ല. സുധാകരനെ മാറ്റിയാൽ പ്രതിപക്ഷ നേതൃസ്ഥാനത്തും മാറ്റം ആവശ്യപ്പെടും.
Credits Kerala || Deshabhimani Online News https://ift.tt/vURjDgl
Comments