ഹരിത ‘ഭാഗ്യ’സേന ; 10 കോടിയുടെ മൺസൂൺ ബമ്പറടിച്ചത് 11 അംഗ ഹരിതകർമ സേനയ്‌ക്ക്
പരപ്പനങ്ങാടി
ഭാഗ്യം തേടിയെത്തിയത് നാലാം പരീക്ഷണത്തിൽ. പങ്കിട്ടെടുത്ത ടിക്കറ്റിൽ ബമ്പറടിച്ച് ഹരിതകർമ സേനാംഗങ്ങൾ. മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനം പത്ത് കോടിയാണ് പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളായ 11 പേരെ തേടിയെത്തിയത്. മുങ്ങത്തുതറ കൊഴുകുമ്മൽ ബിന്ദു (42), ചെട്ടിപ്പടി കാരംകുളങ്ങര മാഞ്ചേരി ഷീജ (48), സദ്ദാം ബീച്ച് കുരിളിൽ ലീല (50), തുടിശേരി ചന്ദ്രിക (63), പട്ടണത്ത് കാർത്യായനി (74), പുത്തരിക്കൽ മുണ്ടുപാലത്തിൽ രാധ (49), ചെറുമണ്ണിൽ ബേബി (65), ചെറുകുറ്റിയിൽ കുട്ടിമാളു (65), ചിറമംഗലം പുല്ലാഞ്ചേരി ലക്ഷ്മി (43), പരപ്പനങ്ങാടി കുറുപ്പംകണ്ടി പാർവതി (56), കെട്ടുങ്ങൽ ശോഭ കൂരിയിൽ (54) എന്നിവർ പങ്കിട്ടെടുത്ത ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ഒമ്പതുപേർ 25 രൂപവീതവും ഇതും കൈയിലില്ലാതിരുന്ന ബേബിയും കുട്ടിമാളുവും പന്ത്രണ്ടര രൂപവീതവും പങ്കിട്ടാണ് ലോട്ടറിയെടുത്തത്.
പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് പിറകിലുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ മാലിന്യം വേർതിരിക്കലാണ് ജോലി. നാലാമത്തെ ബമ്പർ പരീക്ഷണത്തിലാണ് പത്തുകോടി ലഭിച്ചത്. 1000 രൂപയാണ് മുമ്പ് ലഭിച്ച ഭാഗ്യം. പാലക്കാട്ടെ ഏജൻസിയിൽനിന്ന് ടിക്കറ്റെടുത്ത് പരപ്പനങ്ങാടിയിൽ നടന്ന് വിൽക്കുന്നയാളിൽനിന്നാണ് മൂന്നാഴ്ചമുമ്പ് ടിക്കറ്റെടുത്തത്. ഇയാളുടെ പേരോ സ്ഥലമോ ഇവർക്കറിയില്ല. വ്യാഴാഴ്ച രാവിലെയാണിവർ ടിക്കറ്റ് നോക്കിയത്. ലക്ഷ്മിയുടെ ഭർത്താവ് വിജയനാണ് ഒന്നാം സമ്മാനമടിച്ച വിവരം അറിയിച്ചത്. ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ കൈമാറി. രണ്ടാംതവണയാണ് പരപ്പനങ്ങാടിയിൽ ബമ്പർ അടിക്കുന്നത്. 2017ൽ ഓണം ബമ്പർ പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി മുസ്തഫക്കായിരുന്നു. കഴിഞ്ഞ വിഷു ബമ്പറും മലപ്പുറം ചെമ്മാട്ടെ ഏജൻസി വിറ്റ ടിക്കറ്റിനാണ്.
Credits Kerala || Deshabhimani Online News https://ift.tt/FlSts70
Comments