ഒഴയത ദരത ; കനതത മഴയൽ വയപക നശ 29 വട പർണമയ 642 വട ഭഗകമയ തകർനന
തിരുവനന്തപുരം
സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശം. ആലപ്പുഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. സംസ്ഥാനത്താകെ 137 ക്യാമ്പിലായി 931 കുടുംബത്തിലെ 3076 പേരാണുള്ളത്. 29 വീട് പൂർണമായും 642 വീട് ഭാഗികമായും തകർന്നു.
വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം. എന്നാൽ, വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ല.
പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ ആറുകളിലെ ശക്തമായ ഒഴുക്കിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. രണ്ടുപാടശേഖരത്തിൽ മടവീണു. വീയപുരം– -ചെറുതന അച്ചനാരി കുട്ടൻകരി പാടത്ത് ബണ്ടുപൊളിഞ്ഞ് വെള്ളം കയറി. കോട്ടയത്ത് പടിഞ്ഞാറൻമേഖലയിൽ വെള്ളം കയറിയ സ്ഥലങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പമ്പാനദിയിൽ ജലനിരപ്പ് കൂടുതലാണ്.
കണ്ണൂർ കാപ്പിമല വൈതൽക്കുണ്ടിൽ ഉരുൾപൊട്ടി. വെള്ളക്കെട്ടിനെത്തുടർന്ന് മുഴപ്പിലങ്ങാട്ട് നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. അഴീക്കോട്, തലശേരി മണ്ഡലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാസർകോട്ട് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോഴിക്കോട്ട് ചോറോട് പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. ഉള്ള്യേരി–- കൊയിലാണ്ടി സംസ്ഥാന പാതയ്ക്കു സമീപമുള്ള റോഡ് മഴയിൽ ഇടിഞ്ഞുതാഴ്ന്നു.
ബത്തേരി നൂൽപ്പുഴയിൽ കല്ലൂർപുഴ കരകവിഞ്ഞു. എറണാകുളത്ത് കാലടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തി തകർന്നു. കൊല്ലത്ത് കന്നേറ്റിയിൽ സമാന്തര പാലം നിർമാണത്തിനായി സ്ഥാപിച്ച തടയണ തകർന്നു.
മഴ: 4 മരണം
സംസ്ഥാനത്ത് മഴക്കെടുതിയിൽ നാല് മരണം. തിരുവനന്തപുരത്തും രണ്ടു പേരും കോഴിക്കോട്ടും കോട്ടയത്തും ഓരോരുത്തരുമാണ് മരിച്ചത്.
കോട്ടയം അയ്മനത്ത് മുട്ടേൽ സ്രാമ്പിത്തറ ഭാനു (കറുമ്പൻ –73) വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. കന്നുകാലിക്ക് തീറ്റ നൽകാൻ പോകുമ്പോൾ വെള്ളക്കെട്ടിലേക്ക് കാൽവഴുതി വീഴുകയായിരുന്നു.
തിരുവനന്തപുരത്ത് വിതുര മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15)നെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാൽവഴുതി വീണെന്ന് സംശയിക്കുന്നു. വീടിനു മുകളിൽനിന്ന് മരച്ചില്ല വെട്ടവേ കാൽവഴുതിവീണാണ് പാറശാല ചെറുവാരക്കോണം സ്വദേശി ചന്ദ്ര (68) മരിച്ചത്.
വടകരയിൽ സൈക്കിളിൽ സഞ്ചരിക്കവെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് വിദ്യാർഥി മരിച്ചത്. വടകര മണിയൂർ മുതുവന കടയക്കുടി ഹമീദിന്റെയും ഹസീനയുടേയും മകൻ മുഹമ്മദ് നിഹാൽ (17) ആണ് മരിച്ചത്. ബന്ധുവീട്ടിൽനിന്ന് മടങ്ങുമ്പോഴാണ് അപകടം. തെങ്ങ് വീണാണ് വൈദ്യുതകമ്പി പൊട്ടിയത്. മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. സഹോദരൻ: മുഹമ്മദ് ഷമൽ.
4 ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്
വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു.
5 ജില്ലയിൽ അവധി
കണ്ണൂർ, കാസർകോട്, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളി അവധി പ്രഖ്യാപിച്ചു. കണ്ണൂർ, സാങ്കേതിക സർവകലാശാലകളുടെ പരീക്ഷകളും മാറ്റി. പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല.
Credits Kerala || Deshabhimani Online News https://ift.tt/d17ezTK
Comments