നവദമ്പതികളെ പുഴയിൽ കാണാതായി ; രക്ഷിക്കാൻ ശ്രമിച്ച ബന്ധു മരിച്ചു
കിളിമാനൂർ
കല്ലമ്പലം പള്ളിക്കൽ പുഴയിൽവീണ് നവദമ്പതികളെ കാണാതായി. രക്ഷിക്കാൻ ശ്രമിച്ച ബന്ധു ഒഴുക്കിൽപ്പെട്ട് മരിച്ചു. കടയ്ക്കൽ സ്വദേശി ഇ സിദ്ദിഖ് (28), ഭാര്യ നൗഫിയ (21) എന്നിവരാണ് പുഴയിൽവീണത്. ബന്ധു അൻസിൽ ഖാനാണ് (19) ഒഴുക്കിൽപ്പെട്ട് മരിച്ചത്. ശനി വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കല്യാണം കഴിഞ്ഞ് അൻസിലിന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു സിദ്ദിഖും നൗഫിയയും. അൻസിലിനെയുംകൂട്ടി പുഴ കാണാൻ പോയതായിരുന്നു. പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടയിൽ സിദ്ദിഖും നൗഫിയയും വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. രക്ഷിക്കാനുള്ള ശ്രമത്തിലാണ് അൻസിൽ മരിച്ചതെന്ന് കരുതുന്നു. 5.30 ഓടെ ഈ ഭാഗത്ത് മീൻപിടിക്കാനെത്തിയ പ്രദേശവാസി ചെരുപ്പുകളും രണ്ട് ബൈക്കും കണ്ടു. സംശയം തോന്നിയ ഇയാൾ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ച് തിരച്ചിൽ നടത്തുകയായിരുന്നു. രാത്രി 8.45 ഓടെ അൻസിലിന്റെ മൃതദേഹം കണ്ടെത്തി.
പള്ളിക്കൽ പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ പുത്തൻ വീട്ടിൽ സെയിനുലാബുദ്ദീൻ–- ഹസീന ദമ്പതികളുടെ മകനാണ് അൻസിൽ.
ജൂലൈ 16 ന് ആയിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. കുമ്മിൾ ചേനാമുകളിൽ പുത്തൻവീട്ടിൽ ഹയറുന്നീസയുടെയും മർഹൂം ഇസഹാഖിന്റെയും മകനാണ് സിദ്ദിഖ്. കാരാളിക്കോണം അർക്കന്നൂർ കാവതിയോട് പച്ചയിൽ നൗഷാദിന്റെയും നസീമയുടെയും മകളാണ് നൗഫിയ.
Credits Kerala || Deshabhimani Online News https://ift.tt/0w8QjeZ
Comments