"നിങ്ങളുടെ പാർടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇടപെടാത്തത് എന്തുകൊണ്ട് ' ; സുപ്രീംകോടതി
ന്യൂഡൽഹി
മറ്റു പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ സ്വന്തം പാർടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽപ്പോലും ഇടപെടാത്തത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി. ഇത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു.
നാഗാലാൻഡിൽ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കാത്തത് ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ലെന്ന് കോടതിയെക്കൊണ്ട് പറയിപ്പിക്കരുതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജിനോടു പറഞ്ഞു. മറ്റു പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സ്വീകരിക്കുന്ന കടുത്ത നടപടികൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ബിജെപി ഭരിക്കുന്ന മണിപ്പുരിൽ ഭരണഘടനാ അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടിട്ടും ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
നാഗാലാൻഡ് ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ ഏപ്രിലിൽ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ നാഗാലാൻഡിന് എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടോയെന്നും ചോദിച്ചു.
നിലപാട് വ്യക്തമാക്കി ഔദ്യോഗികമായി കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. എന്നാൽ, സംവരണം ഏർപ്പെടുത്തുന്ന കാര്യത്തിൽ നാഗാലാൻഡിന് ഏതെങ്കിലും രീതിയിലുള്ള ഇളവ് അനുവദിച്ചിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ വാക്കാൽ അറിയിച്ചു. തുടർന്നാണ് കോടതി രൂക്ഷമായ പ്രതികരണം നടത്തിയത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് അവസാന അവസരം നൽകുകയാണെന്ന് നിരീക്ഷിച്ച് കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചു.
Credits National || Deshabhimani Online News https://ift.tt/YPCEkQ9
Comments