ഏക സവൽ കഡ ; കൺഗരസ പല തടടൽ പർലമനറനറ നയമകരയ സററൻഡങ കമമററ യഗതതല തറനനതർതതലല


തിരുവനന്തപുരം
ഏക സിവിൽ കോഡ് വിഷയത്തിലെ നിലപാട് സംബന്ധിച്ച് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിലും കടുത്ത ആശയക്കുഴപ്പം. ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുമ്പോൾ നടപ്പാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെടുന്നു. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന് പറഞ്ഞൊഴിഞ്ഞ കെ സി വേണുഗോപാലാകട്ടെ ഏക സിവിൽ കോഡിനെ എതിർക്കാൻ തയ്യാറായില്ല. സിവിൽകോഡിനെ തുറന്നെതിർക്കാൻ കോൺഗ്രസ് ഹൈക്കമാൻഡും ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, സിവിൽ കോഡ് വേണമെന്ന ഹിമാചലിലെ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ്ങിന്റെ അഭിപ്രായത്തെ തള്ളിപ്പറയാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. രാജ്യം ചർച്ചചെയ്യുന്ന ഗുരുതര പ്രശ്നത്തിൽ കോൺഗ്രസിന് കൃത്യമായ നിലപാടില്ലെന്ന സിപിഐ എം വിലയിരുത്തൽ ശരിവയ്ക്കുന്നതാണ് ഇത്തരം പ്രതികരണങ്ങൾ.

ഏക സിവിൽ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും നിയമ കമീഷൻ എതിരായി പറഞ്ഞിട്ടുണ്ടെന്നും ആവർത്തിക്കുകമാത്രമാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. രാജ്യത്ത് നടപ്പാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കൃത്യമായ നിലപാടില്ല. ഇത്തരം വിഷയങ്ങളിൽ അങ്ങുമിങ്ങും തൊടാത്ത നിലപാടാണ് കോൺഗ്രസ് മുമ്പും സ്വീകരിച്ചതെന്ന ആക്ഷേപവും ശക്തമാണ്.

സ്റ്റാൻഡിങ് കമ്മിറ്റിയിൽ തുറന്നെതിർത്തില്ല
മോദി സർക്കാരിന്റെ ഏക സിവിൽ കോഡ് നീക്കത്തെ പാർലമെന്റിന്റെ നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലും തുറന്നെതിർക്കാതെ കോൺഗ്രസ്. മോദി സർക്കാരിന്റെ ‘ഉദ്ദേശ്യശുദ്ധി’യിൽ സംശയമുണ്ടെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെന്നും മാത്രമാണ് കോൺഗ്രസ് അംഗങ്ങൾ നിലപാടെടുത്തത്. ഏക സിവിൽ കോഡിനെ പ്രതിപക്ഷം പൂർണമായി എതിർത്തിട്ടില്ലെന്ന് കോൺഗ്രസിന്റെ നിലപാടില്ലായ്മ ഉദാഹരിച്ച് ബിജെപി എംപിയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുശീൽകുമാർ മോദി മാധ്യമങ്ങളോട് പറഞ്ഞു. കരട് നിയമം വന്നതിനുശേഷം അഭിപ്രായം അറിയിക്കാമെന്നാണ് അവർ പ്രതികരിച്ചിട്ടുള്ളത്–- കോൺഗ്രസ് നിലപാട് വിശദമാക്കി മോദി പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയിലെയും മറ്റിടങ്ങളിലെയും ഗോത്രവിഭാഗങ്ങളെ ഏക സിവിൽ കോഡിൽനിന്ന് മാറ്റിനിർത്തണമെന്നും സുശീൽ മോദി ആവശ്യപ്പെട്ടു. 19 ലക്ഷത്തിലേറെ അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചതായി നിയമ കമീഷൻ സെക്രട്ടറി ഖെത്രബസി ബിസ്വാൾ അറിയിച്ചു. ഏക സിവിൽ കോഡ് നിലവിൽ ആവശ്യമില്ലെന്ന 21–-ാം നിയമ കമീഷന്റെ കണ്ടെത്തൽ പരിഗണിച്ച് വിഷയം വീണ്ടും ചര്ച്ചചെയ്യേണ്ടതില്ലെന്ന് ഡിഎംകെയുടെ പി വിൽസൺ സമിതിയെ കത്തിലൂടെ അറിയിച്ചു.

ക്ഷണിച്ചാൽ പങ്കെടുക്കും: ലീഗ്
ഏക സിവിൽ കോഡിൽ സിപിഐ എം നിലപാടിനെ സ്വാഗതംചെയ്യുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സിപിഐ എമ്മിന്റേത് രാഷ്ട്രീയനീക്കമായി കാണുന്നില്ലെന്നും സെമിനാറിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതേ വിഷയത്തിൽ മുസ്ലീം ലീഗ് എറണാകുളത്ത് നടത്തുന്ന സെമിനാറിൽ സിപിഐ എമ്മിനെ ക്ഷണിക്കുന്ന കാര്യം ആലോചിക്കും. കോൺഗ്രസ് നിലപാടിൽ വരുംദിവസങ്ങളിൽ വ്യക്തതവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/SWnVPdC

Comments

Archive

Contact Form

Send