"നവകേരള കാലത്തെ ഭരണനിർവഹണം" ; സെമിനാറിന്‌ തുടക്കം


തിരുവനന്തപുരം
ഭരണനിർവഹണത്തിലെ കാര്യക്ഷമതയും സേവന ഗുണമേന്മയും വർധിപ്പിക്കാനുതകുന്ന ചർച്ചകളുമായി ദ്വിദിന സെമിനാറിന് തുടക്കം. അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായാണ് "നവകേരള കാലത്തെ ഭരണനിർവഹണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. തിരുവനന്തപുരം വിമൻസ് കോളേജിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
പഠന കോൺഗ്രസ് അക്കാദമിക് സമിതി ചെയർമാൻ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. ഡോ. തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തി. മന്ത്രി ജി ആർ അനിൽ, ടി കെ എ നായർ, കെ എം ചന്ദ്രശേഖർ, ജേക്കബ് പുന്നൂസ്, എസ് എം വിജയാനന്ദ്, അരുണ റോയി എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ സ്വാഗതവും സംഘാടക സമിതി കൺവീനർ എം എ അജിത് കുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് വകുപ്പുതലത്തിലെ ഭരണപരിഷ്കാരങ്ങൾ സംബന്ധിച്ച് 15 സമാന്തര സമ്മേളനവും 10 വിഷയത്തിൽ സമാന്തര സെഷനുകളും ചേർന്നു. ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, കർണാടകം, കേരളം എന്നിവിടങ്ങളിലെ മികവുറ്റ മാതൃകകളുടെ അവതരണങ്ങളുമുണ്ടായി. ഞായർ രാവിലെ മുൻ ഭരണപരിഷ്കാര കമീഷനുകളുടെ നിർദേശങ്ങൾ സംബന്ധിച്ച സിമ്പോസിയം നടക്കും. സമാപന സമ്മേളനത്തിൽ കമീഷൻ റിപ്പോർട്ടുകളുടെ അവതരണവും ചർച്ചയും ക്രോഡീകരണവും ഡോ. തോമസ് ഐസക് നിർവഹിക്കും. എ കെ ജി പഠനഗവേഷണ കേന്ദ്രവും കാട്ടായിക്കോണം വി ശ്രീധർ പഠനഗവേഷണ കേന്ദ്രവും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ആധുനിക വൈജ്ഞാനിക 
സമൂഹമാകണം : എസ് രാമചന്ദ്രൻപിള്ള
ആധുനിക വൈജ്ഞാനിക സമൂഹമാക്കി കേരളത്തെ വളർത്തണമെന്ന് മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. സമ​ഗ്രമേഖലകളിലുമുള്ള വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. അറിവിനെ നിരന്തരം വികസിപ്പിക്കുന്ന സമൂഹമായി മാറണം. ഭരണ നിർവഹണവും ഈ നിലയിൽ മെച്ചപ്പെടുത്തണം. സമൂഹത്തിന്റെ പൊതുവായ ആധുനികവൽക്കരണത്തിനും ജനാധിപത്യവൽക്കരണത്തിനും ഭരണനിർവഹണ സംവിധാനത്തിന് വലിയ സംഭാവന ചെയ്യാനാകും. 25 വർഷം കൊണ്ട് കേരളത്തിന് ആധുനിക ലോകത്തോടൊപ്പമെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം പണം 
നൽകുന്നില്ല : കെ എം ചന്ദ്രശേഖർ
കേന്ദ്ര സർക്കാരിന് വരുമാനം കൂടിവരികയാണെന്നും എന്നാൽ സംസ്ഥാനങ്ങൾക്ക് ഇതിന് ആനുപാതികമായി കേന്ദ്രം പണം നൽകുന്നില്ലെന്നും മുൻ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ പറഞ്ഞു. ഇതിനെതിരെ സംസ്ഥാനങ്ങൾ ശക്തമാക്കി രം​ഗത്ത് വരണം. സംസ്ഥാനത്തിന്റെ ക്ഷേമവികസന പദ്ധതികൾ ഡൽഹിയിൽ ഇരുന്നല്ല ആസൂത്രണം ചെയ്യേണ്ടത്. അത് സംസ്ഥാന സർക്കാരുകളും പഞ്ചായത്തുകളും ചെയ്യേണ്ടതാണ്. എന്നാൽ, സംസ്ഥാനങ്ങൾക്ക് ഇതിനുള്ള വരുമാനം ലഭിക്കുന്നില്ല. രാജ്യത്ത് നിരവധി ഭരണ പരിഷ്കാര കമീഷനുകളും സമിതികളും ആയിരക്കണക്കിനു നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നിലും നടപടിയുണ്ടായില്ല. നടപടി ക്രമങ്ങളുടെ പേരിൽ പലതും ഫയലുകളായി കെട്ടിക്കിടക്കുകയാണ്. ഭരണനിർവഹണത്തിൽ നടപടിക്രമങ്ങൾക്കു പകരം ഫലപ്രാപ്തിക്ക് ഊന്നൽനൽകുന്ന സംവിധാനം രൂപപ്പെടണം. ഇല്ലെങ്കിൽ താഴെ തട്ടിലുള്ള പ്രശ്നങ്ങളിലൊന്നും പരിഹാരം കാണാനാകില്ല. അധികാര വികേന്ദ്രീകരണംകൊണ്ട് കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാരുടെ പങ്കാളിത്തം 
അനിവാര്യം : അരുണ റോയി
ഭരണനിർവഹണം സുതാര്യമാക്കാൻ പൗരന്മാരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മസ്ദൂർ കിസാൻ ശക്തി സംഘാതൻ സ്ഥാപക അരുണ റോയി പറഞ്ഞു. ഭരണത്തിലെ സുതാര്യത, പങ്കാളിത്തം, സോഷ്യൽ ഓഡിറ്റ് എന്നിവയ്ക്കായി ജനങ്ങൾ ഇടപെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പങ്കാളിത്തം മാത്രമല്ല, ആസൂത്രണത്തിലും വികസന കാര്യത്തിലും ഇത് ആവശ്യമാണ്. തൊഴിൽ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ അവകാശമായി മാറുമ്പോൾ ജനങ്ങൾ ഇടപെടുന്ന സാഹചര്യമുണ്ടാകും. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഇത്തരത്തിൽ തൊഴിലാളികൾ മുന്നോട്ടുവരുന്നുണ്ട്.
കേരളത്തിലെ അധികാരവികേന്ദ്രീകരണം സൃഷ്ടിച്ച സാധ്യതകൾ അഭിമാനകരമാണെന്നും അവർ പറഞ്ഞു.

അനുകമ്പയുള്ള 
രാഷ്ട്രമാകണം : എസ് എം വിജയാനന്ദ്
ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാകണമെങ്കിൽ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണമെന്ന് മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പറഞ്ഞു. ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം, പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കണം. ഒരു ഓഫീസിലെ ഉദ്യോ​ഗസ്ഥർ വിചാരിച്ചാൽതന്നെ വലിയമാറ്റമുണ്ടാകും.ക്ഷേമരാഷ്ട്രം എന്നതിൽനിന്ന് അനുകമ്പയുള്ള രാഷ്ട്രം എന്ന കാഴ്ചപ്പാടിലേക്ക് മാറണം. ഓരോരുത്തരുടെയും പ്രശ്നങ്ങൾ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞ് സർക്കാർ പ്രവർത്തിക്കുന്നതാണ് അനുകമ്പയുള്ള രാഷ്ട്രമെന്ന കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് 
രാഷ്ട്രീയം നോക്കരുത് : ടി കെ എ നായർ
കേരളത്തിന്റെ വികസനത്തിന് വേഗം വർധിപ്പിക്കാൻ രാഷ്ട്രീയ പാർടികൾക്കിടയിൽ സമവായം വേണമെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി കെ എ നായർ പറഞ്ഞു. സമവായം ഇല്ലാത്തത് പല പദ്ധതികളെയും പിന്നോട്ടടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതിയിൽ സമവായം ഉണ്ടാക്കി മുന്നോട്ടുപോകണം. സെക്രട്ടറിയറ്റിൽ തീരുമാനിക്കുന്ന പല കാര്യവും താഴേക്ക് കൊണ്ടുപോകാനായാൽ ഭരണനിർവഹണം കൂടുതൽ എളുപ്പമാകും. ഒരു പദ്ധതി നടപ്പാക്കുമ്പോൾ അതിന്റെ വിശദാംശം ജനങ്ങൾ അറിയണം. പഞ്ചായത്തുതലത്തിൽ കൂടുതൽ അധികാരവും ചുമതലകളും നൽകണം. ബ്യൂറോക്രസി എന്നാൽ യന്ത്രമല്ല, മനുഷ്യരാണ് എന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യം തെളിയിക്കുന്നതിൽ കേരള പൊലീസ് മുന്നിൽ : മുൻ ഡിജിപി ജേക്കബ് പുന്നൂസ്
കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ കേരള പൊലീസ് ഏറെ മുന്നിലാണെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. 100 കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ അതിൽ 80 എണ്ണവും തെളിയിക്കാൻ കഴിയുന്നു. കോടിയേരി ബാലകൃഷണൻ ആഭ്യന്തമന്ത്രിയായിരുന്ന കാലത്ത് പൊലീസിൽ സമ​ഗ്രമായ മാറ്റങ്ങളുണ്ടായി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പാക്കിയ മറ്റൊരു സംസ്ഥാനവുമില്ല. കോവിഡ് കാലത്ത് പൊലീസ് നടത്തിയ ഇടപെടലുകൾ പ്രശംസനീയമാണ്. കാലോചിതമായി പൊലീസിലും മാറ്റങ്ങൾ ഉണ്ടാകണം. വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം ആകെ പൊലീസിന്റെ മൂന്നിൽ ഒന്നെങ്കിലുമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപദ്ധതികളിൽ കേരളം മാതൃക : ജി ആർ അനിൽ
പാവപ്പെട്ടവർക്കായി ലോകത്ത് എങ്ങുമില്ലാത്ത ക്ഷേമപദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ കടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവർ ക്ഷേമപദ്ധതികളെക്കുറിച്ച് മിണ്ടുന്നില്ല. ലാഭ, നഷ്ടങ്ങളുടെ കണക്ക് നോക്കുമ്പോൾ സർക്കാരിന്റെ ഇടപെടലിൽ സാധാരണക്കാരുടെ ജീവിതം എത്രത്തോളം മെച്ചപ്പെട്ടെന്ന കാര്യംകൂടി പരി​ഗണിക്കണം.
ഈ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെകൂടി ഫലമായാണ് സാമ്പത്തിക ഞെരുക്കം–- മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/dCQFxmz

Comments

Archive

Contact Form

Send