അധ്യാപകന്റെ കൈവെട്ടിയ കേസ്: രണ്ടാംഘട്ട വിധി ഇന്ന്
കൊച്ചി
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ രണ്ടാംഘട്ട വിധി ബുധനാഴ്ച പറയും. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ ഉൾപ്പെടെ 11 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐഎ കോടതി ജഡ്ജി അനിൽ കെ ഭാസ്കർ ബുധനാഴ്ച രണ്ടാംഘട്ട വിധിപ്രസ്താവം നടത്തുക.
ആദ്യഘട്ട വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന് വിധിപറഞ്ഞിരുന്നു. 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്.
കേസിലെ ഒന്നാംപ്രതി പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയത്. കോളേജിലെ രണ്ടാംസെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള് ഉള്പ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Credits Kerala || Deshabhimani Online News https://ift.tt/79oy3lZ
Comments