സ്വിഫ്‌റ്റ്‌ കെഎസ്‌ആർടിസിയുടെ അന്തകനല്ല : സിഎംഡി ബിജുപ്രഭാകർ


തിരുവനന്തപുരം
സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ അന്തകനല്ലെന്ന് സിഎംഡി ബിജുപ്രഭാകർ. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നടത്തുന്ന കെഎസ്ആർടിസി വാർത്തകളും വസ്തുതകളും എന്ന വീഡിയോ പരമ്പരയിലാണ് ഇക്കാര്യം പറയുന്നത്. സ്വിഫ്റ്റ് ആരംഭിക്കാനുണ്ടായ സാഹചര്യവും ഇപ്പോഴത്തെ സ്ഥിതിയുമാണ് ഞായറാഴ്ച അപ്ലോഡ് ചെയ്ത രണ്ടാമത്തെ എപ്പിസോഡിൽ പറയുന്നത്. ഇന്ധന ചെലവ് കുറയ്ക്കുക, ടിക്കറ്റിതര വരുമാനം 25 കോടി രൂപയാക്കുക, ജീവനക്കാരുടെ കാര്യക്ഷമത കൂട്ടുക തുടങ്ങി മൂന്നു കാര്യമാണ് താൻ ആവിഷ്കരിച്ച റീസ്ട്രക്ചർ 02 എന്ന പദ്ധതി.

കെഎസ്ആർടിസി നവീകരണത്തിന് സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ നയമായിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളെ ലാഭകരമായ സെന്ററുകളായി മാറ്റണം എന്നത് യോഗങ്ങളിൽ ചർച്ചയായി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്തുപോകേണ്ടി വന്ന എം പാനൽ ജീവനക്കാരെ പുനരധിവസിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രകടനപത്രികയിലും ഇക്കാര്യം പറഞ്ഞിരുന്നു.

എം പാനലുകാർക്ക് ജോലി നൽകുക, വായ്പ സംഘടിപ്പിക്കുക, ദീർഘദൂര സർവീസുകൾ ലാഭകരമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സ്വിഫ്റ്റ് രൂപീകരിച്ചത്. സ്വതന്ത്രമായും അതേസമയം കെഎസ്ആർടിസിയെ ആശ്രയിച്ചുമാണ് സ്വിഫ്റ്റിന്റെ പ്രവർത്തനം. നൂതനപദ്ധതിയാണ്. 719 ഡ്രൈവർ കം കണ്ടക്ടർമാരുണ്ട്. സുതാര്യമായി നടത്തുന്ന പർച്ചേസുകളിൽ ചില മാധ്യമങ്ങൾ തന്നെ അഴിമതിക്കാരനായി ചിത്രീകരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം കിട്ടാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന ഒരുവിഭാഗം ജീവനക്കാരാണ് സ്വിഫ്റ്റിനെതിരെ രംഗത്തുവരുന്നത്. 1243 ജീവനക്കാർ മാസത്തിൽ 16 ഡ്യൂട്ടി എടുക്കാൻ തയ്യാറാകുന്നില്ല. തന്നെയും ഓഫീസർമാരെയും വില്ലന്മാരായി ചിത്രീകരിക്കുകയാണ്. സ്വിഫ്റ്റ് കാരണം ഒരു കെഎസ്ആർടിസി ജീവനക്കാരനും ജോലി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കെഎസ്ആർടിസി യൂണിയനുകൾ 
പ്രതിഷേധത്തിൽ
കെഎസ്ആർടിസിയിൽ നടക്കുന്ന പുരോഗമന പ്രവർത്തനങ്ങൾക്ക് തടയിടാനാണ് യൂണിയനുകൾ ശ്രമിച്ചതെന്ന് സിഎംഡി ബിജു പ്രഭാകറിന്റെ ആക്ഷേപത്തിനെതിരെ പ്രതിഷേധം. രണ്ടുദിവസത്തിലായി സോഷ്യൽ മീഡിയയിലൂടെയാണ് സിഎംഡി ആക്ഷേപമുന്നയിച്ചത്. പദ്ധതികൾ വിജയിക്കാത്തതിന്റെ നിരാശയാണ് സിഎംഡിക്കെന്ന് യൂണിയനുകൾ പറയുന്നു.

അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം: 
കെഎസ്ആർടിഇഎ
കെഎസ്ആർടിസിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽനിന്ന് ഉന്നത മാനേജ്മെന്റ് പിൻമാറണമെന്ന് കെഎസ്ആർടിഇഎ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണനും ജനറൽ സെക്രട്ടറി എസ് വിനോദും ആവശ്യപ്പെട്ടു. വിവാദങ്ങൾ പ്രതിസന്ധിക്ക് പരിഹാരമല്ല. ശമ്പളം കൃത്യമായി ലഭിക്കാതെ വന്നാൽ യൂണിയനുകൾ പ്രതിഷേധിക്കുമെന്നത് സ്വാഭാവികമാണ്. ഈ സാമ്പത്തിക വർഷത്തെ ആദ്യ നൂറ് ദിവസത്തിനകം ശമ്പളത്തിന് 160 കോടി രൂപ സർക്കാർ അനുവദിച്ചു. പെൻഷൻ വിതരണത്തിനായി നൽകിയ 434 കോടി രൂപയ്ക്ക് പുറമെയാണിത്. പുനരുദ്ധാരണ നടപടികൾ ആരംഭിച്ചതിനുശേഷം ഒരു ലിറ്റർ ഡീസലിന് 34 രൂപ വർധിച്ചു. കെഎസ്ആർടിസിക്ക് ഒരു മാസം 40 കോടി രൂപയുടെ അധിക ബാധ്യത ഇതുമൂലമുണ്ടായി. ക്രൂഡ്ഓയിൽ വില കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധനവില ഉയർന്നു നിൽക്കുന്നത്. വരുമാനം വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ഉണ്ടാകണം. പ്രായോഗിക ബുദ്ധിയുടെ അടിസ്ഥാനത്തിലാകണമെന്നും ഇരുവരും പറഞ്ഞു.

ഉത്തരവാദിത്വം 
യൂണിയനില്ല: ടിഡിഎഫ്
സിഎംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്കരണങ്ങൾ പരാജയപ്പെട്ടതിന് ഉത്തരവാദികൾ യൂണിയനുകൾ അല്ലെന്ന് ടിഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി അജയകുമാർ പറഞ്ഞു. സ്വിഫ്റ്റിനെതിരെയും സിംഗിൾ ഡ്യൂട്ടി 12 മണിക്കൂർ ആക്കിയതിനെതിരെയുമാണ് സമരം ചെയ്തത്. ശമ്പളം എല്ലാമാസവും അഞ്ചിനകം നൽകാമെന്ന് മാനേജ്മെന്റ് ഒത്തുതീർപ്പിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/VdeApJj

Comments

Archive

Contact Form

Send