ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ്‌ വഴങ്ങി ; പ്രതിപക്ഷ യോഗത്തിന്‌ എഎപിയും


ന്യൂഡൽഹി
ഡൽഹി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് തിരുത്തിയതോടെ ബംഗളൂരുവിലെ പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാർടി പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് യോഗം സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരുന്ന കേന്ദ്ര ഓർഡിനൻസിനെ എതിർക്കാൻ ശനിയാഴ്ച കോൺഗ്രസിന്റെ പാർലമെന്ററി നയരൂപീകരണ സമിതി യോഗം തീരുമാനിച്ചു. ഞായറാഴ്ച സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിലപാട് പരസ്യമാക്കി. പ്രതിപക്ഷപാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന ഇടപെടലുകളോട് കോൺഗ്രസിന് വിയോജിപ്പാണെന്ന് വേണുഗോപാൽ പറഞ്ഞു.

ഇതിനു പിന്നാലെ ബംഗളൂരു യോഗത്തിൽ പങ്കെടുക്കാൻ എഎപിയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽചേർന്ന യോഗത്തിനുശേഷം രാഘവ് ചന്ദ എംപി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. പറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർടികളുടെ ആദ്യ യോഗത്തിൽ, ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സമയം വേണമെന്ന് കോൺഗ്രസ് അറിയിച്ചതിൽ പ്രതിഷേധിച്ച് വാർത്താസമ്മേളനത്തിൽനിന്ന് കെജ്രിവാൾ വിട്ടുനിന്നു. ബംഗളൂരു യോഗത്തിന് മുമ്പായി ഭിന്നതകൾ പരിഹരിക്കപ്പെട്ടത് ദേശീയതലത്തിൽ ബിജെപിക്കെതിരായ മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്ക് കരുത്തേകും.



Credits National || Deshabhimani ​Online ​News https://ift.tt/Fm6Tlug

Comments

Archive

Contact Form

Send