ജീവനെടുത്ത്‌ ജലാശയങ്ങൾ ; 9 മരണം

സംസ്ഥാനത്തിന്റെ 
വിവിധ ഭാഗങ്ങളിൽ 9 പേർ 
മുങ്ങിമരിച്ചു. കോട്ടയം തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറിൽ 
കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേരും പാലക്കാട് വാളയാറിലും ഇടുക്കി നെടുങ്കണ്ടത്തും രണ്ടുവീതം 
വിദ്യാർഥികളും കായംകുളത്ത് വള്ളത്തിൽനിന്ന് കാൽവഴുതിവീണ യുവാവും പെരിയാറിൽ വയോധികനുമാണ് മരിച്ചത്

മൂവാറ്റുപുഴയാറിൽ 3 പേർ
മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ അരയൻകാവ് തോട്ടറ മുണ്ടയ്ക്കൽ ജോൺസൺ(56), സഹോദരന്റെ മകൾ ജിസ്മോൾ(15), സഹോദരിയുടെ മകൻ അലോഷ്യസ്(16) എന്നിവരാണ് മരിച്ചത്. വൈക്കം മേവള്ളൂർ ചെറുകര പാലത്തിന്റെ താഴെയുള്ള കടവിൽ ഞായർ പകൽ 11.30നാണ് അപകടം. ഏഴുപേരാണ് കുളിക്കാനിറങ്ങിയത്. കയത്തിൽപ്പെട്ട നാലുപേരെ നാട്ടുകാർ രക്ഷിച്ചു.

നെടുങ്കണ്ടത്ത് 2 വിദ്യാർഥികൾ
വിനോദസഞ്ചാര കേന്ദ്രമായ തൂവൽ വെള്ളച്ചാട്ടത്തിന് സമീപത്തെ ജലാശയത്തിൽ നെടുങ്കണ്ടം എംഇഎസ് കാേളേജ് രണ്ടാംവർഷ ബിരുദ വിദ്യാർഥി താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി(19), കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല അനില രവീന്ദ്രൻ(16) എന്നിവരാണ് മരിച്ചത്. സെബിന്റെ ജന്മദിനമായ ശനി ഉച്ചയ്ക്കുശേഷമാണ് ഇവർ വെള്ളച്ചാട്ടം കാണാനെത്തിയത്. പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയിരുന്നു.

കായലിൽ വീണ് യുവാവ്
സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോയ യുവാവ് കാൽവഴുതി കായലിൽ വീണുമരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തുകടവ് ഷിജുഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിൻ(21) ആണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കള്ളിക്കാട് പുല്ലുകാട്ടിൽ കിഴക്കതിൽ മധുവിന്റെ മകൻ മഹേഷിനെ (20) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി വൈകിട്ട് 6.30ന് വെട്ടത്തുകടവ് കിഴക്കേക്കര ജെട്ടിക്ക് വടക്കുഭാഗത്താണ് അപകടം. എൻടിപിസിയുടെ സോളാർ പാനൽ കാണാനാണ് ഷിബിനും സംഘവുമെത്തിയത്. ഞായർ രാവിലെ മത്സ്യത്തൊഴിലാളികളാണ് ഷിബിന്റെ മൃതദേഹം കണ്ടെത്തിയത്.

വാളയാറിൽ 2 എൻജി. വിദ്യാർഥികൾ
വാളയാർ അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോയമ്പത്തൂർ നവക്കരയിലെ സ്വകാര്യ എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായ തിരുപ്പൂർ ഉടുമലപേട്ട കനക്കപ്പാളയം ജീവനഗർ സമ്പൂർണ ലേഔട്ടിൽ രാമർ- –-ജീവ ദമ്പതികളുടെ മകൻ ആർ തിരുപ്പതി (20), നാമക്കൽ സേന്ദമംഗലം ഗാന്ധിപുരം അണ്ണാനഗർ ആദിദ്രാവിഡർ സ്ട്രീറ്റിൽ പി ജെഗന്ദിരന്റെയും ദേവതിയുടെയും മകൻ ജെ ഷൺമുഖം (18) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മുങ്ങിത്താഴ്ന്ന വിഷ്ണുകുമാറിനെ (18) രക്ഷപ്പെടുത്തി. ഞായർ പകൽ 12നാണ് ഇവർ ഡാമിലെത്തിയത്. മൂന്നു പേരും മണലെടുത്ത കുഴിയിൽ മുങ്ങിത്താഴുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സമീപവാസികളായ കുട്ടികൾ ചാടിയിറങ്ങി വിഷ്ണുകുമാറിനെ കരയ്ക്കെത്തിച്ചെങ്കിലും മറ്റു രണ്ടു പേർ ആഴത്തിലേക്കു താഴ്ന്നു.

പെരിയാറിൽ വയോധികൻ
പെരിയാറിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. മുടിക്കൽ കുടിലിങ്ങൽ പണിക്കരുകുടി വീട്ടിൽ മുഹമ്മദാലിയാണ് (75) മരിച്ചത്. ഞായർ പകൽ 3.30ന് മുടിക്കൽ വഞ്ചിനാട് കടവിലായിരുന്നു അപകടം.



Credits Kerala || Deshabhimani ​Online ​News https://ift.tt/5LykBKn

Comments

Archive

Contact Form

Send