സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി
സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ആകാശത്തിനു താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. പൊതുതാൽപ്പര്യമെന്ന് കാട്ടി നൽകിയ ഹർജിയിൽ പൊതുതാൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ആരോപണങ്ങൾക്ക് പകരം തെളിവ് നൽകാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതോടെ തള്ളുകയായിരുന്നു.
ഹർജിക്കാരന്റെ ചിത്രം പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജൂറി അംഗങ്ങളിൽ ചിലർ പുരസ്കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയെന്ന ഹർജിക്കാരന്റെ വാദവും കോടതി മുഖവിലയ്ക്കെടുത്തില്ല. വിഷയത്തിൽ ചലച്ചിത്ര അക്കാദമിക്കും ചെയർമാൻ രഞ്ജിത്തിനും വേണ്ടി മുതിർന്ന അഭിഭാഷകൻ സുധി വാസുദേവൻ ഹാജരായി. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ സി കെ ശശിയും ഹാജരായി. പുരസ്കാര നിർണയത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/T62DvKj
Comments