തുടർസമര കഥകൾ പാടിനടന്നു ; നിരാശരായി ബിജെപിയും മാധ്യമങ്ങളും
തിരുവനന്തപുരം
സ്പീക്കർ എ എൻ ഷംസീർ നടത്തിയ പ്രസംഗത്തിന്റെ പേരിൽ പ്രത്യക്ഷസമരത്തിനില്ലെന്നും നിയമപരമായി നീങ്ങുമെന്നുമുള്ള എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം കടുത്ത നിരാശയിലാക്കിയത് ബിജെപിയെയും ഒരുവിഭാഗം മാധ്യമങ്ങളെയും. കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാനാകാത്ത ബിജെപി, വീണുകിട്ടിയ വർഗീയ പിടിവള്ളിയായിട്ടാണ് ഷംസീറിന്റെ പ്രസംഗം വളച്ചൊടിച്ചുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. ആർഎസ്എസിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാക്കൾ പെരുന്ന സന്ദർശിച്ച് മുതലെടുപ്പ് കൊഴുപ്പിക്കാൻ നീങ്ങി. നേട്ടം കൊയ്യാമെന്ന വ്യാമോഹവുമായി കെ സുരേന്ദ്രനും വി മുരളീധരനും ചാടിയിറങ്ങി. കടുത്ത വർഗീയത കുത്തിവയ്ക്കാനാണ് ഇവർ ശ്രമിച്ചത്. നാട്ടിൽ സമുദായങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളെ പല മുഖ്യധാരാ മാധ്യമങ്ങളും പ്രോത്സാഹിപ്പിച്ചു.
പത്രങ്ങളും വാർത്താചാനലുകളും തുടർപ്രക്ഷോഭം പ്രഖ്യാപിക്കുമെന്ന് ആധികാരികമായി പ്രചരിപ്പിച്ചു. ആരു പറഞ്ഞു എന്ന് വെളിപ്പെടുത്താതെയായിരുന്നു വാർത്തകളെല്ലാം. എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗതീരുമാനം വരുന്നതുവരെയും അത് തുടർന്നു. സ്വന്തം താൽപ്പര്യങ്ങൾ വാർത്തയുടെ രൂപത്തിൽ കൊട്ടിഘോഷിക്കുകയായിരുന്നുവെന്ന് തീരുമാനം വന്നപ്പോൾ വ്യക്തമായി.
എൻഎസ്എസിനെയടക്കം പ്രകോപിപ്പിക്കുന്ന വാർത്തകളും വിശകലനങ്ങളും പല മാധ്യമങ്ങളും നടത്തിയിരുന്നു. മൂന്നു ദിവസം നടത്തിയ ‘തുടർസമര കഥകൾ’ ആണ് ഞായറാഴ്ച എൻഎസ്എസിന്റെ പത്രക്കുറിപ്പ് ഇറങ്ങിയതോടെ തകർന്നത്. ശാസ്ത്രത്തെ ശാസ്ത്രമായും മിത്തിനെ മിത്തായും കാണണമെന്ന പ്രസംഗത്തിനിടെ എ എൻ ഷംസീർ പറഞ്ഞ ഉദാഹരണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ആവർത്തിച്ച കാര്യമാണെന്ന് ജനങ്ങൾക്കും ബോധ്യമായി. അവസരം മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ നടക്കുന്നവരുടെ കെണിയിൽ വീഴേണ്ടെന്ന ധാരണയുടെകൂടി അടിസ്ഥാനത്തിലാണ് തെരുവിൽ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/cF03yhE
Comments