അവിശ്വാസ ചര്‍ച്ച ; രണ്ടാം ദിനവും സഭയില്‍ എത്താതെ മോദി
ന്യൂഡൽഹി
പാർലമെന്റ് നടപടികളിൽനിന്ന് പതിവായി വിട്ടുനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാളിലും സഭയിൽ എത്തിയില്ല. പാർലമെന്റിനോടുള്ള കനത്ത അവഹേളനമാണിതെന്ന് പരാതിയുയർന്നു. ചർച്ചയ്ക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി മറുപടി നൽകുക എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയരുന്നു. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ എത്തിയാലും പ്രധാനമന്ത്രി സഭയിലേക്ക് എത്താതിരിക്കുന്നത് രാജ്യചരിത്രത്തിൽ ആദ്യം.
അതേസമയം, മണിപ്പുർ കലാപത്തിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പങ്ക് പ്രതിപക്ഷം ശക്തമായി അവതരിപ്പിച്ചു. ഭരണപക്ഷമാകട്ടെ മണിപ്പുരിനെക്കുറിച്ച് പറയാതെ ‘മോദി സ്തുതി’യിൽ കറങ്ങിത്തിരിഞ്ഞു. മണിപ്പുർ കലാപം ലജ്ജാകരമാണെങ്കിലും ഇതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് അതിലേറെ ലജ്ജാകരമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ബിജെപിക്കാർ പോലും തള്ളിപ്പറഞ്ഞ മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ അമിത് ഷാ ന്യായീകരിച്ചു. രണ്ടു മണിക്കൂറോളം സംസാരിച്ച അമിത് ഷാ മണിപ്പുർ കലാപത്തെക്കുറിച്ച് കാര്യമായ പരാമർശങ്ങൾ നടത്തിയില്ല.
സർക്കാർ മണിപ്പുരിൽ ഭാരത മാതാവിനെ വധിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി എല്ലാ വിഭാഗത്തിന്റെയും പ്രതിനിധിയായി നിലകൊള്ളണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യ’യുടെ പ്രതിനിധികൾ മണിപ്പുർ സന്ദർശിച്ചെങ്കിലും സർക്കാരിന് പ്രതിനിധികളെ അയക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കനിമൊഴി (ഡിഎംകെ) ആരാഞ്ഞു. രാജ്യത്ത് ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണെന്ന് കകോളി ഘോഷ് (ടിഎംസി) പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ ചില സംഭവങ്ങളുമായി മണിപ്പുർ കലാപത്തെ താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണെന്ന് ലലൻ സിങ് (ജെഡിയു) പറഞ്ഞു. ജമ്മു-കശ്മീരിൽ 370 ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/8nUvJA0
Comments