പുതുപ്പള്ളിയിൽ സജ്ജമായി എൽഡിഎഫ് ; വോട്ടർപട്ടികയിൽ പേരുചേർക്കാനായി പരാതി നൽകും
കോട്ടയം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പ്രവർത്തന സജ്ജമായി എൽഡിഎഫ്. ബൂത്ത് തലത്തിൽവരെ കമ്മിറ്റികൾ ചേർന്ന് പ്രവർത്തകരുടെ സ്ക്വാഡുകൾക്ക് രൂപം നൽകിവരുകയാണ്. വരും ദിവസങ്ങളിൽ പഞ്ചായത്ത്, നിയോജകമണ്ഡലം കൺവൻഷനുകൾ ചേർന്ന് പ്രവർത്തനങ്ങൾക്ക് ഏകീകൃത രൂപം നൽകും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ മന്ത്രി വി എൻ വാസവൻ, കെ കെ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഓണം നാളുകൾ, അയ്യൻകാളി ജയന്തി, ശ്രീനാരായണ ഗുരു ജയന്തി, മണർകാട് എട്ട് നോമ്പ് നാളുകൾ എന്നിവയ്ക്കിടയിലെ തെരഞ്ഞെടുപ്പ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ മനസ്സിലാക്കേണ്ടിയിരുന്നുവെന്ന് വി എൻ വാസവൻ പറഞ്ഞു. പാർടി തെരഞ്ഞെടുപ്പിന് സജ്ജമാണ്. ജൂലൈ ഒന്നിന് മുമ്പ് അപേക്ഷിച്ചവരെ മാത്രമെ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തൂവെന്ന കമീഷന്റെ പുതിയ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേരും. വിവിധ തലങ്ങളിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം ശനിയാഴ്ച കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സംസ്ഥാന സർക്കാരിന്റെ വികസന സമീപനങ്ങളിൽ ഊന്നിയാകും തെരഞ്ഞെടുപ്പിനെ സമീപിക്കുക. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളും വോട്ടർമാർക്കിടയിൽ ചർച്ചയാകുമെന്ന് വി എൻ വാസവൻ പറഞ്ഞു.
എൽഡിഎഫ് ജില്ലാ കമ്മിറ്റിയും വ്യാഴാഴ്ച ഉച്ചക്ക് യോഗം ചേരും. തുടർന്ന് പുതുപ്പള്ളി അസംബ്ലി മണ്ഡലം കമ്മിറ്റി ചേർന്ന് അസംബ്ലി, പഞ്ചായത്ത് കൺവൻഷനുകൾക്ക് തീയതി നിശ്ചയിക്കുമെന്ന് കൺവീനർ പ്രൊഫ. ലോപ്പസ് മാത്യുവും പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/ekLHoCs
Comments