കേന്ദ്രം നിഷ്ക്രിയം , ഇടപെട്ട് കോടതികൾ ; മണിപ്പുരിൽ നേരിട്ട് നിരീക്ഷിക്കും, ബുൾഡോസറിന് ബ്രേക്ക്
ന്യൂഡൽഹി
മണിപ്പുരിലെ വംശീയ കലാപം മൂന്നുമാസം പിന്നിട്ടിട്ടും നിഷ്ക്രിയമായി തുടരുന്ന കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്ക് കനത്ത പ്രഹരം നൽകി നിർണായക ഇടപെടലുമായി സുപ്രീംകോടതി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ് പട്സാൽഗികറെ ചുമതലപ്പെടുത്തി. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രജിസ്റ്റർ ചെയ്ത 11 കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണം. എസ്പി റാങ്കിലുള്ളവരോ ഡിവൈഎസ്പി റാങ്കിൽ കുറയാത്തവരോ ആകണം.
അന്വേഷണത്തിന് ലക്ഷ്യബോധം ഉറപ്പാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനും ഈ നടപടി അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ദത്താത്രേയ് പട്സാൽഗികർ അന്വേഷണപുരോഗതി റിപ്പോർട്ട് കോടതിയിൽ നൽകണം. മഹാരാഷ്ട്ര കേഡറിൽനിന്നുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പട്സാൽഗികർ ഡെപ്യൂട്ടി ദേശീയ സുരക്ഷാഉപദേഷ്ടാവ് ആയിരുന്നു. എൻഐഎയിലും ഇന്റലിജൻസ് ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ പൊലീസ് കമീഷണറുമായിരുന്നു.
മണിപ്പുർ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മൊത്തം ആറായിരത്തിഅഞ്ഞൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് എടുത്ത 11 കേസ് സിബിഐക്ക് കൈമാറി. ബാക്കി കേസുകൾ അന്വേഷിക്കാൻ 42 പ്രത്യേക അന്വേഷകസംഘം (എസ്ഐടി) രൂപീകരിക്കുമെന്നും സംസ്ഥാനസർക്കാർ പറഞ്ഞു. ഈ എസ്ഐടികളിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഒരു ഇൻസ്പെക്ടറെയെങ്കിലും ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മണിപ്പുരിന് പുറത്തുനിന്നുള്ള ഡിഐജി റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥർ എസ്ഐടികളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം.
സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിൽ മണിപ്പുർ പൊലീസ് പൂർണ പരാജയമാണെന്ന് സുപ്രീംകോടതി നേരത്തേ വിമർശിച്ചിരുന്നു. കോടതി നിർദേശപ്രകാരം മണിപ്പുർ ഡിജിപി തിങ്കളാഴ്ച നേരിട്ട് ഹാജരായി.
മനുഷ്യാവകാശപ്രശ്നങ്ങള്‍ കേള്‍ക്കാന്‍
മുൻ വനിതാ ജഡ്ജിമാരുടെ സമിതി
മണിപ്പുരിലെ ഗുരുതര മനുഷ്യാവകാശപ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ വനിതാ ജഡ്ജിമാരുടെ സമിതി രൂപീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീതാമിത്തൽ സമിതിക്ക് നേതൃത്വം നൽകും. ബോംബെ ഹൈക്കോടതി മുൻജഡ്ജി ശാലിനി ഫൻസലാർ ജോഷി, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയും മലയാളിയുമായ ആശാമേനോൻ എന്നിവരാണ് മറ്റംഗങ്ങൾ. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങൾ സമിതി പരിഗണിക്കും. ദുരിതാശ്വാസം, പുനരധിവാസം, തകർന്ന വീടുകളുടെയും ആരാധനാലയങ്ങളുടെയും പുനർനിർമാണം, മറ്റ് പരിഹാര നടപടികൾ തുടങ്ങിയ കാര്യങ്ങളുടെ മേൽനോട്ടമാണ് സമിതി നിർവഹിക്കേണ്ടത്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതി നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ഹരിയാനയിലെ പൊളിക്കലിന് ഹൈക്കോടതിയുടെ സ്റ്റേ
ഹരിയാനയിലെ നൂഹ് ജില്ലയിൽ ന്യൂനപക്ഷ വിഭാഗക്കാരുടെ നൂറുക്കണക്കിന് വീടുകളും കെട്ടിടങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ സംസ്ഥാന ബിജെപി സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് പഞ്ചാബ്–-ഹരിയാന ഹൈക്കോടതി. മുൻകൂർ നോട്ടീസ് പോലും നൽകാതെയുള്ള ബുൾഡോസർ പ്രയോഗത്തെ ജസ്റ്റിസ് ജി എസ് സാന്തവാലിയയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിശിതമായി വിമർശിച്ചു.
പ്രത്യേക സമുദായക്കാരുടെ കെട്ടിടം തകർക്കുന്നത് വംശീയ ഉന്മൂലനമല്ലേ എന്നും കോടതി ചോദിച്ചു. വ്യാപക പരാതി ഉയർന്നതോടെ ഹൈക്കോടതി സ്വമേധയാ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. ബിജെപി സർക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി. അഞ്ചുദിവസത്തിനിടെ നൂഹിൽ കുടിലുകളും വീടുകളും കടകളുമടക്കം എഴുന്നൂറിലേറെ കെട്ടിടങ്ങൾ ബിജെപി സർക്കാർ ഇടിച്ചുനിരത്തി. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു നോട്ടീസ് പോലും നൽകാതെയുള്ള നടപടി. ന്യൂനപക്ഷ വിഭാഗങ്ങളുടെ കെട്ടിടങ്ങൾ തെരഞ്ഞുപിടിച്ച് നശിപ്പിക്കുന്നതില്‍ പ്രതിപക്ഷ പാർടികൾ ശക്തമായി രംഗത്തുവന്നു. ഇത് ചികിത്സയുടെ ഭാഗമെന്നായിരുന്നു ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ പ്രതികരണം. നൂഹിൽ തിങ്കളാഴ്ച കർഫ്യൂവിൽ നാലുമണിക്കൂർ ഇളവുവരുത്തി. അവശ്യവസ്തുക്കളുടെ ക്ഷാമവും രൂക്ഷമാണ്. അതേസമയം ഗുരുഗ്രാമിൽ നിരോധനാജ്ഞ പിൻവലിച്ചു. ഇന്റർനെറ്റ് വിലക്ക് നൂഹ് അടക്കമുള്ള ജില്ലകളിൽ തുടരുന്നു.
ജാറം
കത്തിച്ചു
ഗുരുഗ്രാമിലെ ഖണ്ഡ്സ ഗ്രാമത്തിൽ മുസ്ലിം ആത്മീയാചാര്യന്റെ കല്ലറ (ജാറം) ഉൾപ്പെട്ട ആരാധനാകേന്ദ്രത്തിന് ഞായർ രാത്രി അജ്ഞാതർ തീയിട്ടു. ഗുരുഗ്രാമിൽ നിരോധനാജ്ഞ ലംഘിച്ച് ‘ഹിന്ദു സമാജ്’ പ്രവർത്തകർ പഞ്ചായത്ത് വിളിച്ചു. ഗുരുഗ്രാമിലെ പള്ളി ആക്രമിച്ച് ഇമാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റുചെയ്യപ്പെട്ട നാലുപേരെ വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം.
Credits National || Deshabhimani Online News https://ift.tt/RzeSM95
Comments