കരിപ്പൂർ വിമാനത്താവള വികസനം: സർവേ നടപടികൾ തുടങ്ങി
കരിപ്പൂർ > കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സർവേ നടപടികൾ തുടങ്ങി. മലപ്പുറം ഡെപ്യൂട്ടി കലക്ടർ ജെ ഒ അരുൺ, സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ എം പി പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് നടപടികൾ തുടങ്ങിയത്. ഉദ്യോഗസ്ഥർ വീടുകൾ കയറി നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഭൂവുടമകളെ ബോധ്യപ്പെടുത്തി. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ കുമ്മിണിപറമ്പിലെ ഉണ്യാൽ മദ്രസാ ഹാളിൽ യോഗം ചേർന്നശേഷമാണ് ഭൂവുടമകളെ സന്ദർശിച്ചത്. വീടും സ്ഥലവും അളന്ന് രേഖപ്പെടുത്തി.
വിമാനത്താവളത്തിലെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരിക്കുന്നതിന് 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. റണ്‍വേയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പള്ളിക്കൽ വില്ലേജിലാണ് തിങ്കളാഴ്ച സർവേ നടപടി തുടങ്ങിയത്. നെടിയിരുപ്പിൽ ബുധനാഴ്ച തുടങ്ങും.
ആകെ 92 കുടുംബങ്ങൾക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. ഒരു ചതുരശ്ര അടി സ്ഥലത്തിന് 4500 രൂപ നൽകാനാണ് സർക്കാർ തീരുമാനമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞദിവസം നടന്ന ഉദ്യോഗസ്ഥ- സമരസമിതി ചർച്ചയിലെ തീരുമാനവും ഉദ്യോഗസ്ഥർ ഭൂവുടമകളെ അറിയിച്ചു. പരമാവധി തുക ലഭിക്കണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. 64 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെടുക. ഇവർക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജായി 10 ലക്ഷം രൂപവീതം നൽകാൻ കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് സമരസമിതിയും ജനപ്രതിനിധികളും സ്വാഗതംചെയ്തിരുന്നു.
പള്ളിക്കൽ വില്ലേജിൽ 2.79 മുതൽ 3.29 ലക്ഷംവരെയും നെടിയിരുപ്പിൽ 2.40 ലക്ഷംമുതൽ 2.79 ലക്ഷംവരെയുമാണ് സെന്റിന് സർക്കാർ വില കണക്കാക്കിയത്. വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക് 3000 മുതൽ 4500 രൂപവരെയാണ് നഷ്ടപരിഹാരമായി കണക്കാക്കിയിട്ടുള്ളത്. പഴക്കം, മേൽക്കൂര കോൺക്രീറ്റോ ഓടോ, തറയിൽ പതിച്ചിരിക്കുന്ന വസ്തു തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കുക. മരങ്ങൾ, കിണറുകൾ തുടങ്ങിയവക്കെല്ലാം വെവ്വേറെ നഷ്ടപരിഹാരം നൽകും. അഞ്ചോളം വീടുകളാണ് തിങ്കളാഴ്ച അളന്ന് രേഖപ്പെടുത്തിയത്.
Credits Kerala || Deshabhimani Online News https://ift.tt/zYnc91P
Comments