ഐക്യ പ്രക്ഷോഭ പാതയിൽ മുന്നോട്ട് , സെപ്‌തംബർ ഒന്നുമുതൽ ഏഴുവരെ അഖിലേന്ത്യാ പ്രക്ഷോഭം : സിപിഐ എം
ന്യൂഡൽഹി
പൊതുയോജിപ്പുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ പ്രചാരണവും പ്രക്ഷോഭവും ആഹ്വാനം ചെയ്യാൻ ഇടതുപക്ഷ പാർടികളുടെ കൺവൻഷൻ സിപിഐ എം വിളിച്ചുചേർക്കും. മൂന്നുദിവസമായി ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയോഗത്തിലാണ് തീരുമാനം. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സെപ്തംബർ ഒന്നു മുതൽ ഏഴുവരെ സിപിഐ എം അഖിലേന്ത്യ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും പൊതുവേദിയുടെ പ്രക്ഷോഭത്തിന് സിപിഐ എം പൂർണ പിന്തുണ പ്രഖ്യാപിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആഹ്വാനം ചെയ്ത ഒക്ടോബർ അഞ്ചിന്റെ ഡൽഹി റാലിക്കും പിന്തുണ നൽകും. വനസംരക്ഷണ നിയമ ഭേദഗതിക്കും ഏക സിവിൽ കോഡിനും എതിരായി ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ആഗസ്ത് ഒമ്പതിന് നടക്കുന്ന രാജ്യവ്യാപക പ്രക്ഷാേഭത്തിനും പിന്തുണ നൽകുമെന്ന് കേന്ദ്ര കമ്മിറ്റി കമ്യൂണിക്കെയിൽ അറിയിച്ചു.
രാജ്യത്തെ കോർപറേറ്റ്–-വർഗീയ കൂട്ടുകെട്ട് ഭരണം ദേശീയ ആസ്തികളുടെ കൊള്ളയ്ക്ക് നിയമസാധുത നൽകാൻ പുതിയ നിയമങ്ങൾ കൊണ്ടുവരികയാണ്. പ്രകൃതിവിഭവങ്ങൾ കോർപറേറ്റുകൾക്ക് കൈമാറാനാണ് വനസംരക്ഷണനിയമ ഭേദഗതി. ലിഥിയം അടക്കം ഖനനം ചെയ്തെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുന്നതാണ് ഖനികളും ധാതുക്കളും നിയമ ഭേദഗതി ബിൽ. സമുദ്രാന്തർ ഭാഗത്തെ ക്രൂഡോയിൽ ഖനനം സ്വകാര്യവൽക്കരിക്കാനുള്ള ബില്ലും പാസാക്കി.
രാജ്യത്ത് 2021ൽ പ്രതിദിനം 86 ബലാത്സംഗം റിപ്പോർട്ട് ചെയ്തുവെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ നൽകുന്ന വിവരം. മണിക്കൂറിൽ 49 എന്ന തോതിൽ സ്ത്രീകൾക്കെതിരായ അതിക്രമം ഉണ്ടായി. കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്ത് വരുന്നവർക്ക് സംരക്ഷണം നൽകുന്ന മോദി സർക്കാർ നിലപാട് ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു.
ആറാം ദേശീയ കുടുംബാരോഗ്യ സർവേയിൽനിന്ന് വിളർച്ച, ഭിന്നശേഷി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കിയത് ആശങ്കാജനകമാണ്. കൃത്യമായ വിവരശേഖരണത്തോട് മോദി സർക്കാരിന് വിരോധമാണ്. ലോകത്തെ ഏറ്റവും വിപുലമായ വിവരശേഖരണ സംവിധാനമായ സെൻസസ് അനന്തമായി നീട്ടുന്നു. ദേശീയ കുടുംബാരോഗ്യ സർവേ നടത്തുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസ് ഡയറക്ടർ കെ എസ് ജെയിംസിനെ സസ്പെൻഡ് ചെയ്ത മോദി സർക്കാർ നടപടിയെ കേന്ദ്ര കമ്മിറ്റി അപലപിച്ചു.
Credits National || Deshabhimani Online News https://ift.tt/QCWvrPw
Comments