ജയ് ഹിന്ദ്, പാപാ.... ; മൻപ്രീത് സിങ്ങിന് സൈനികവേഷത്തിൽ സല്യൂട്ട് നൽകി മകൻ
ന്യൂഡൽഹി
കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനിക ഉദ്യോഗസ്ഥർക്ക് വിടനൽകി നാട്. കേണൽ മൻപ്രീത് സിങ്ങിന് ആറുവയസ്സുകാരനായ മകൻ കബീർ സൈനിക വേഷം ധരിച്ച് സല്യൂട്ട് നൽകി. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മുള്ളൻപുർ ഗ്രാമത്തിൽ മൻപ്രീത് സിങ്ങിന്റെ മൃതദേഹം എത്തിച്ചപ്പോഴാണ് മകൻ ജയ്ഹിന്ദ് മുഴക്കി അന്തിമോപചാരം അർപ്പിച്ചത്. രണ്ടു വയസ്സുള്ള മകൾ ബന്നിയും സല്യൂട്ട് നൽകി. മൻപ്രീത് സിങ്ങിന് അന്തിമോപചാരമർപ്പിക്കാന് വൻ ജനക്കൂട്ടം എത്തിയിരുന്നു. വിലാപയാത്രക്കൊടുവിലായിരുന്നു സംസ്കാരം.
അനന്ത്നാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച മറ്റൊരു സൈനികൻ മേജർ ആഷിഷ് ധോഞ്ചകിന്റെ (36) സംസ്കാരം ഹരിയാനയിലെ പാനിപ്പത്തിലുള്ള വീട്ടിൽ നടന്നു. അടുത്ത മാസം 23ന് പുതിയ വീട്ടിലേക്ക് താമസം മാറാൻ നാട്ടിൽ എത്താനിരിക്കുകയായിരുന്നു ആഷിഷ്. വാടകവീട്ടിലായിരുന്ന കുടുംബം പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് വീരമൃത്യു. ഭാര്യക്കും രണ്ടുവയസ്സുകാരി മകൾക്കും പുറമേ മൂന്നുസഹോദരിമാരുമുണ്ട്.
Credits National || Deshabhimani Online News https://ift.tt/FboMR7Y
Comments