ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി
ന്യൂഡൽഹി
യുഎപിഎ കേസിൽ റിമാൻഡ് ചെയ്തതിനെതിരെ ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ത, എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവരുടെ ഹർജികൾ ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജിക്കാരുടെയും ഡൽഹി പൊലീസിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ജസ്റ്റിസ് തുഷാർ റാവു ഗെഡേല ഹർജികൾ വിധി പറയാൻ മാറ്റിയത്.
അറസ്റ്റ് ചെയ്തപ്പോൾ കാരണങ്ങൾ വ്യക്തമാക്കിയില്ല, വിചാരണക്കോടതി യാന്ത്രികമായി റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചു തുടങ്ങിയ വാദങ്ങളാണ് പ്രബീറിനും അമിത്തിനുംവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ കപിൽ സിബലും ദയാൻ കൃഷ്ണനും ഉന്നയിച്ചത്.
ന്യൂസ്ക്ലിക്കിനോ പുർകായസ്തയ്ക്കോ ചൈനയിൽനിന്ന് ഒരു രൂപപോലും കിട്ടിയിട്ടില്ലെന്ന് സിബൽ പറഞ്ഞു. കാടടച്ച് വെടിവയ്ക്കുംവിധമുള്ള എഫ്ഐആറാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. ചൈനീസ് ഫോൺനിർമാതാക്കൾക്കും സമരം ചെയ്ത കർഷകർക്കുമെതിരെ ആരോപണങ്ങളുണ്ട്–- സിബൽ ചൂണ്ടിക്കാട്ടി. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഹാജരായി.
യുഎപിഎ എഫ്ഐആർ റദ്ദാക്കണമെന്ന പുർകായസ്തയുടെ ആവശ്യത്തിൽ ഡൽഹി പൊലീസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് നോട്ടീസ് അയക്കണോയെന്ന് കോടതി പിന്നീട് തീരുമാനിക്കും. വിചാരണക്കോടതി ഉത്തരവ് പ്രകാരമുള്ള ഏഴുദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന ചൊവ്വാഴ്ച ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കും.
Credits National || Deshabhimani Online News https://ift.tt/QYvMVPF
Comments